ഭോപ്പാൽ : മധ്യപ്രദേശിലെ ഷിയോപൂർ (Sheopur) ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Sheopur Tractor Trolley Accident).മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. അമിതവേഗതയിൽ വന്ന ട്രാക്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൊല്ലപ്പെട്ടവർ എല്ലാവരും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്.
ഷിയോപൂരിലെ വിജയപൂർ (Vijaypur) പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖിത്രപാൽ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. വീർപൂർ താലൂക്കിലെ ഘുഘാസ് ഗ്രാമത്തിൽ നിന്നുള്ള ഗുർജർ വിഭാഗത്തിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്.സരോജ് ഗുർജർ (35), സുനൈന ഗുർജർ (27), സീമ ഗുർജർ (35), ഗീത റാവു (52) എന്നിവരാണ് മരിച്ചത്. അപകടസ്ഥലത്ത് വെച്ച് തന്നെ ഇവർക്ക് ജീവൻ നഷ്ടമായി.
പാർവതി ബറോഡയിൽ ഒരു മതപരമായ ചടങ്ങിൽ പങ്കുചേരാൻ പോകുകയായിരുന്നു തീർത്ഥാടക സംഘം. സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടെ നാൽപ്പതിലേറെ പേർ വാഹനത്തിലുണ്ടായിരുന്നു.ട്രാക്ടർ മറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ട്രോളിക്ക് അടിയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. മുൻ വനംവകുപ്പ് മന്ത്രി രാംനിവാസ് റാവത്ത് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അമിതവേഗതയും ട്രോളിയിൽ കുത്തിനിറച്ച യാത്രക്കാരുമാണ് അപകടത്തിന്റെ ആക്കം കൂട്ടിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

