കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു
May 20, 2023, 13:46 IST

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ധാവര്‍ചന്ദ് ഗെഹലോത് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. എട്ട് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വാദ്ര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ എല്ലവരും തന്നെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. നേതാവുമായ എം.കെ. സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു. നേതാവുമായ നിതീഷ് കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഘേല്‍, കോണ്‍ഗ്രസ് നേതാവും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായ സുഖ്‌വിന്ദര്‍ സിങ് സുഖു, ആര്‍.ജെ.ഡി. നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവര്‍ ചടങ്ങിനെത്തി.