പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാറിന്റെ നേതൃത്വം പ്രധാനമാണ്: റാവത്ത്

പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിന് ശരദ് പവാറിന്റെ നേതൃത്വം പ്രധാനമാണെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് വെള്ളിയാഴ്ച പറഞ്ഞു. ഉദ്ധവ് താക്കറെ ഉൾപ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാർട്ടി നേതാക്കളും ശരദ് പവാറിനെ രാജ്യത്തിന് ആവശ്യമാണെന്ന് പറഞ്ഞ് അവരുടെ വികാരങ്ങൾ പ്രകടിപ്പിച്ചു,-റാവത്ത് പറഞ്ഞു. എൻസിപിയുടെ കോർ കമ്മിറ്റി ശരദ് പവാറിനെ പാർട്ടി അധ്യക്ഷനായി തുടരണമെന്ന നിർദേശം പാസാക്കിയതിന് പിന്നാലെയാണ് റൗത്തിന്റെ അഭിപ്രായം.

രാജി തീരുമാനം പിൻവലിച്ച് ശരദ് പവാർ
പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും നിരന്തര അഭ്യർഥനകൾക്കൊടുവിൽ രാജി തീരുമാനം പിൻവലിച്ച് ശരദ് പവാർ. എൻസിപി അധ്യ ക്ഷസ്ഥാനം രാജിവച്ച തീരുമാനം ശരദ് പവാർ പിൻവലിച്ചു. പ്രവർത്തകരുടേയും നേതാക്കളുടെയും അഭ്യർഥന മാനിച്ചാണ് രാജി തീരുമാനം പിൻവലിച്ചതെന്ന് പവാർ പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് പവാർ രാജി പിൻവലിച്ച വിവരം അദ്ദേഹം അറിയിച്ചത്.
രാജി തീരുമാനം പ്രഖ്യാപിച്ചതോടെ പാർട്ടി പ്രവർത്തകർ അസ്വസ്ഥരായിരുന്നു. മഹാരാഷ്ട്രയിലും ഇന്ത്യയിലാകെയുള്ള അനുയായികളും രാഷ്ട്രീയ നേതാക്കളും തീരുമാനം പിൻവലിക്കാൻ അഭ്യർഥിച്ചു- പവാർ കൂട്ടിച്ചേർത്തു.
പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ രൂപീകരിച്ച സമിതിയും പവാറിന്റെ രാജി തീരുമാനം തള്ളിയിരുന്നു. ഇന്ന് ചേർന്ന സമിതി യോഗത്തിൽ രാജി പിൻവലിച്ച് പവാർ അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് പ്രമേയം പാസാക്കിയിരുന്നു. പുതിയ അധ്യക്ഷനെ കണ്ടെത്താൻ പവാർ തന്നെയായിരുന്നു സമിതി രൂപീകരിച്ചത്. പവാറിന്റെ മകൾ സുപ്രിയ സുലെ, എൻസിപി വൈസ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബ ൽ, അജിത് പവാർ എന്നിവരായിരുന്നു സമിതിയിൽ ഉണ്ടായിരുന്നത്.