രാജി പിൻവലിച്ചതിനുപിന്നാലെ പാർട്ടിയിലെ വിഭാഗീയത നീക്കാൻ ശരദ് പവാർ; ദേശീയ ഭാരവാഹികളുടെ നേതൃയോഗം വിളിക്കും
May 6, 2023, 07:22 IST

പാർട്ടിയിലെ വിഭാഗീയത നീക്കാനുള്ള നടപടികളിലേക്ക് കടന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ദേശീയ ഭാരവാഹികളുടെ സമ്പൂർണ്ണ നേതൃയോഗം ഈ മാസം അവസാനത്തോടെ വിളിക്കുമെന്നാണ് തീരുമാനം. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി പിൻവലിച്ചതിന് പിന്നാലെയാണ് പവാർ ചർച്ചകൾ ആരംഭിച്ചത്. അജിത് പവാറിനെ പിന്തുണയ്ക്കുന്ന വിഭാഗത്തിന്റെ വിശ്വാസം വീണ്ടെടുക്കാനാണ് നീക്കം.
രാജിപിൻവലിച്ച ശരദ് പവാറിനെ അഭിനന്ദിച്ച് മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളും രംഗത്തെത്തി. പ്രവർത്തകരുടെ വികാരവും രാജ്യത്തിന്റെ താത്പര്യവും ശരദ് പവാർ മനസ്സിലാക്കിയെന്ന് മമതാ ബാനർജി പറഞ്ഞു. പവാറിനെ അഭിനന്ദിച്ച് സി.പി.എമ്മും, ഡി.എം.കെയും രംഗത്തെത്തി. രാജിപിൻവലിച്ചുള്ള പവാറിന്റെ തിരുമാനം ഉചിതമെന്ന് ബീഹാർ മുഖ്യമന്ത്രി നിതിഷ് കുമാറും പ്രതികരിച്ചു.