Times Kerala

 ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ല; പൊതുസ്ഥലത്തുവച്ച് ചെയ്യുന്നതിനാണ് വിലക്ക്: ബോംബെ ഹൈക്കോടതി

 
court
ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ല എന്ന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പൊതുസ്ഥലത്ത്, മറ്റുള്ളവർക്ക് ശല്യമാവുന്ന തരത്തിൽ ചെയ്യുമ്പോൾ മാത്രമാണ് ലൈംഗിക തൊഴിൽ കുറ്റകൃത്യമാവുന്നത് എന്ന് കോടതി നിരീക്ഷിച്ചു. ലൈംഗിക തൊഴിലിന് പിടിയിലായ 34കാരിയെ മോചിപ്പിക്കാൻ ഉത്തരവിട്ടുകൊണ്ടാണ് മുംബൈ അഡീഷനൽ സെഷൻസ് കോടതിയുടെ നിരീക്ഷണം.

ലൈംഗിക തൊഴിൽ ചെയ്തതിന് പിടിയിലായ തന്നെ ഒരു വർഷത്തേക്ക് അഗതി മന്ദിരത്തിലാക്കാനുള്ള മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് യുവതി സെഷൻസ് കോടതിയെ സമീപിച്ചത്. സെഷൻസ് കോടതി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും സെഷൻസ് ജഡ്ജി സിവി പാട്ടീൽ യുവതിയെ മോചിപ്പിക്കാൻ അധികൃതർക്കു നിർദേശം നൽകുകയും ചെയ്തു.

ഹർജിക്കാരി പ്രായപൂർത്തിയായ ആളാണെന്നും തൊഴിൽ ചെയ്ത് ജീവിക്കാൻ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ല. മറ്റുള്ളവർക്ക് ശല്യമാവുന്ന തരത്തിൽ ചെയ്യുമ്പോൾ മാത്രമാണ് ലൈംഗിക തൊഴിൽ കുറ്റകൃത്യമാവുന്നത്. ഹർജിക്കാരി പൊതുസ്ഥലത്ത് ലൈംഗിക തൊഴിൽ ചെയ്തിട്ടില്ല. ഹർജിക്കാരിക്ക് രണ്ടു കുട്ടികളുണ്ട്. അവർക്ക് അമ്മയുടെ സാമീപ്യം ആവശ്യമുണ്ട്. അവരെ ഇനിയും ഷെൽട്ടർ ഹോമിൽ തടഞ്ഞുവെക്കുന്നത് സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാവുമെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ ഇവരെ വിട്ടയക്കണമെന്നും കോടതി പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മുളുണ്ടിലെ ഒരു വേശ്യാലയത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഇവരെ മസഗോൺ കോടതിയിൽ ഹാജരാക്കി ഷെൽറ്റർ ഹോമിലേക്ക് മാറ്റുകയായിരുന്നു. ഇവർക്കൊപ്പം മറ്റ് രണ്ട് പേരെയും പിടികൂടിയിരുന്നു. വൈദ്യ പരിശോധനാ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷം ഇവരെ ഒരു വർഷത്തേക്ക് അഗതി മന്ദിരത്തിലാക്കാൻ നിർദ്ദേശിച്ചു. ഇതേ തുടർന്നാണ് യുവതി സെഷൻസ് കോടതിയെ സമീപിച്ചത്. 

Related Topics

Share this story