സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചുതെറിച്ചു; കാറിനു മുകളിലായ യുവാവുമായി സഞ്ചരിച്ചത് മൂന്ന് കിലോമീറ്റര്‍, ഒടുവിൽ ദാരുണാന്ത്യം
May 3, 2023, 20:02 IST

ന്യൂഡൽഹി: ഡൽഹിയിൽ സ്കൂട്ടർ യാത്രികരെ ഇടിച്ചുതെറിപ്പിക്കുകയും ഇടിയുടെ ആഘാതത്തിൽ കാറിനു മുകളിൽ പതിച്ചയാളുമായി കാർ നിർത്താതെ പോവുകയും ചെയ്ത ദാരുണ സംഭവത്തിൽ ഒരാൾ മരിച്ചു. ദൃക്സാക്ഷികൾ മുന്നറിയിപ്പ് നൽകിയിട്ടും കാർ അതിവേഗത്തിൽ ഓടിച്ചുപോയ ഡ്രൈവർ, മൂന്നു കി.മി സഞ്ചരിച്ച ശേഷം പരിക്കേറ്റയാളെ കാറിനു മുകളിൽ നിന്നു വലിച്ചു താഴെയിട്ടു കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ഹർനീത് സിങ് ചൗള എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പം കാറിൽ കുടുംബവും ഉണ്ടായിരുന്നു.
30 കാരനായ ദീപാൻഷു വർമ്മയാണ് മരിച്ചത്. പരിക്കേറ്റ 20 കാരനായ ബന്ധു മുകുളിന്റെ നില ഗുരുതരമാണ്. കസ്തൂർബാ ഗാന്ധി മാർഗ് കവലയിൽ വച്ചാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരെ കാർ ഇടിച്ചതെന്ന് വീഡിയോ പകർത്തിയ ദൃക്‌സാക്ഷി പറഞ്ഞു.
കൂട്ടിയിടിയെ തുടർന്ന് യുവാക്കളിൽ ഒരാൾ ദൂരേക്ക് തെറിച്ചുവീണു. മറ്റൊരാൾ കാറിന്റെ മേൽക്കൂരയിലേക്കും വീണു. എന്നാൽ ഡ്രൈവർ കാർ നിർത്താതെ വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു.
ദൃക്‌സാക്ഷിയായ മുഹമ്മദ് ബിലാൽ സ്‌കൂട്ടറിൽ കാറിനെ പിന്തുടർന്നു. ഹോൺ മുഴക്കി ഡ്രൈവറെ അറിയിക്കാൻ ശ്രമിച്ചിട്ടും കാർ നിർത്താൻ തയ്യാറായിരുന്നില്ല. ഏകദേശംമൂന്ന് കിലോമീറ്ററോളം ഓടിച്ച ശേഷം ഡൽഹി ഗേറ്റിന് സമീപം നിർത്തി പരിക്കേറ്റയാളെ കാറിനു മുകളിൽ നിന്നു വലിച്ചു താഴെയിട്ട് ഡ്രൈവർ കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ഡൽഹി പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.