സത്യേന്ദര്‍ ജെയിന്‍ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണു; തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി
May 25, 2023, 17:25 IST

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ തിഹാർ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണതിനെതുടര്‍ന്ന് ലോക് നായക് ജയ്പ്രകാശ് (എല്‍എന്‍ജെപി) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം ഡല്‍ഹി ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജെയിനിനെ പിന്നീട് ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് എല്‍എന്‍ജെപിയിലേയ്ക്ക് മാറ്റുകയായിരുന്നു. നിലവില്‍ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നേരത്തെ ശുചിമുറിയില്‍ വീണതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ നട്ടെല്ലിന് പരിക്കേറ്റതായി കണ്ടെത്തിയിരുന്നു.
ഇഡി രജിസ്റ്റര്‍ ചെയ്ത അഴിമതികേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെയിന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജയിലിലാണ്. ഇക്കാലയളവിനുള്ളില്‍ അദ്ദേഹത്തിന്‍റെ ശരീരഭാരം 35 കിലോ കുറഞ്ഞതായി എഎപി നേതാക്കള്‍ ആരോപിച്ചു.