തിയേറ്ററിനുള്ളിൽ വച്ച് എലി കടിച്ചു; യുവതിക്ക് അഞ്ച് വർഷത്തിന് ശേഷം നഷ്ടപരിഹാരം

2018 ഒക്ടോബർ 20-ന് ഗോഹട്ടി നഗരത്തിലെ ഗലേറിയ തിയേറ്ററിൽ വച്ചാണ് യുവതിക്ക് എലിയുടെ കടിയേറ്റത്. സിനിമാ പ്രദർശനത്തിന്റെ ഇടവേള സമയത്ത് കാലിൽ എന്തോ കടിച്ചതായി അനുഭവപ്പെട്ട യുവതി ഉടനടി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്തു.
യുവതിയെ കടിച്ചത് എലി ആണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി പരാതി നൽകിയത്. തിയേറ്ററിൽ എലിയുടെ സാന്നിധ്യമുള്ളതായി ജീവനക്കാർ സ്ഥിരീകരിച്ചതായും ചികിത്സ തേടിയ വേളയിൽ ആരും തന്നെ സഹായിച്ചില്ലെന്നും യുവതി ആരോപിച്ചിരുന്നു. തിയേറ്റർ പരിസരം വൃത്തിയില്ലാതെയാണ് കിടന്നിരുന്നതെന്നും പോപ്കോൺ പാക്കറ്റുകളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും സീറ്റുകൾക്കിടയിൽ ഉണ്ടായിരുന്നതായും യുവതി അറിയിച്ചു. പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ചികിത്സാ ചെലവിനും യുവതി അനുഭവിച്ച ശാരീരിക - മാനസിക വ്യഥയ്ക്കും നഷ്ടപരിഹാരമായി തുക അനുവദിച്ചത്.