മകളുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് രംഭ; അമ്മയുടെ 'ഫോട്ടോസ്റ്റാറ്റ്' തന്നെയെന്ന് ആരാധകര്‍.!

ചെന്നൈ: ഒരു കാലത്ത് തെന്നിന്ത്യൻ ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിന്ന മുൻനിര നായികമാരിലൊരാളായിരുന്നു രംഭ. രംഭയുടെ മൂത്ത മകളുടെ ഏറ്റവും പുതിയ ഫോട്ടോ അടുത്തിടെയാണ് രംഭ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഈ ചിത്രം പുറത്തുവിട്ടതിന് പിന്നാലെ ചിത്രം കണ്ട പലരും പഴയ രംഭയും മകളും തമ്മിലുള്ള സാമ്യമാണ് എടുത്ത് പറയുന്നത്.
2010ൽ വ്യവസായിയായ ഇന്ദ്രകുമാർ പത്മനാഥനെ വിവാഹം കഴിച്ച രംഭ ഇപ്പോൾ വിദേശത്താണ് താമസം. രംഭയ്ക്കും ഇന്ദ്രകുമാറിനും ലാവണ്യ, സാഷ എന്നീ രണ്ട് പെൺമക്കളും ശിവിൻ എന്ന മകനുമുണ്ട്. ഭർത്താവിനും കുട്ടികൾക്കുമൊപ്പമുള്ള ചിത്രങ്ങള്‍ രംഭ സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്. മൂത്ത മകൾ ലാവണ്യ ഒരു സ്കൂൾ പരിപാടിയിൽ പ്രസംഗിക്കുകയും ട്രോഫി സ്വീകരിക്കുകയും ചെയ്യുന്നതിന്‍റെ ഏറ്റവും പുതിയ ഫോട്ടോകളാണ് രംഭ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പരമ്പരാഗതമായി വസ്ത്രം ധരിച്ച് കണ്ണട ധരിച്ച ലാവണ്യയ്ക്ക് അമ്മയുമായി അടുത്ത സാമ്യമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.