ഗുസ്തി താരങ്ങളുടെ പ്രതിഷേധ വേദിയിലെത്തി പി.ടി. ഉഷ; തടഞ്ഞ് വിമുക്ത ഭടൻ
May 3, 2023, 13:46 IST

ന്യൂഡൽഹി: ജന്തർമന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് ഒളിമ്പിക്സ് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ. ലൈംഗികാരോപണ വിധേയനായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരേ ഗുസ്തി താരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പി.ടി. ഉഷ രംഗത്തെത്തിയിരിക്കുന്നത്.
സമരക്കാരോട് സംസാരിച്ച് പുറത്തിറങ്ങിയ പി.ടി. ഉഷ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. പന്തലിൽ നിന്ന് പുറത്ത് പോവുന്നതിനിടെ സമരക്കാരിലൊരാളായിരുന്ന വിമുക്തഭടൻ ഉഷയുടെ വാഹനം തടഞ്ഞു. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ ഇവിടെനിന്നും മാറ്റി.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരേ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നും പ്രതിഷേധം അച്ചടക്കമില്ലായ്മയാണെന്നുമായിരുന്നു നേരത്തെ പി.ടി. ഉഷ വിമർശിച്ചത്. ഇതിനെതിരേ വ്യാപക വിമർശനവും ഉയർന്നിരുന്നു.