മൂക്കിന്റെ ശസ്ത്രക്രിയ്ക്ക് ശേഷം മുഖം മാറി ;താന്‍ വിഷാദത്തിലായെന്നും പ്രിയങ്ക ചോപ്ര
May 5, 2023, 19:43 IST

ബോളിവുഡിലും ഹോളുവുഡിലും ഒരേ പോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയങ്ക ചോപ്ര. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്‌ത ഒരു ശസ്ത്രക്രിയ തന്റെ മാനസിക ആരോഗ്യത്തെയും കരിയറിനെയും എത്രത്തോളം ബാധിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കരിയറിന്റെ തുടക്ക കാലത്ത് മൂക്കില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ മുഖം മാറിയെന്നും മൂന്ന് സിനിമകളില്‍ നിന്ന് പുറത്തായെന്നും പ്രിയങ്ക പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ജീവിതത്തിലെ ഇരുണ്ട കാലം എന്നാണ് ഈ സമയത്തെ താരം വിശേഷിപ്പിച്ചത്.
2000-ത്തില്‍ മിസ് വേള്‍ഡ് കിരീടം ചൂടിയതിന് ശേഷമായിരുന്നു സംഭവം. ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂക്കില്‍ ദശ വളര്‍ച്ച കണ്ടെത്തുന്നത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരമായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം മുഖമാകെ മാറി. കരിയര്‍ അവസാനിച്ചതായി തോന്നിയെന്നും താന്‍ വിഷാദത്തിലായി എന്നും പ്രിയങ്ക ചോപ്ര കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ ആര്‍മിയിലെ ഡോക്ടര്‍ കൂടിയായ പിതാവ് അശോക് ചോപ്രയുടെ പ്രോത്സാഹനം കൊണ്ടുമാത്രമാണ് ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാന്‍ കഴിഞ്ഞതെന്ന് പ്രിയങ്ക പറഞ്ഞു.
