പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ സ്വത്ത് തർക്കത്തെത്തുടർന്ന് മാതാപിതാക്കളെയും സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ കൂട്ടാളിയും സുഹൃത്തുമായ വ്യക്തി തല്ലിക്കൊന്നു (Prayagraj Triple Murder Case). കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് മലാക്കയിലുള്ള വീട്ടിൽ വെച്ചാണ് വീരേന്ദ്ര വൈശ്യ (70), ഭാര്യ അനിത (65), മകൾ മീനാക്ഷി (45) എന്നിവരെ മകൻ അഭിഷേക് വൈശ്യ (40) സുഹൃത്തായ സണ്ണി ഗുപ്തയുടെ സഹായത്തോടെ മെയ് 31-ന് വൈകുന്നേരം കൊലപ്പെടുത്തിയത്. മാതാപിതാക്കൾ തന്നെ സ്വത്തിൽ നിന്ന് ഒഴുവാക്കിയതിലുള്ള വൈരാഗ്യമാണ് കൂട്ടക്കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് കമ്മീഷണർ ജോഗേന്ദ്ര കുമാർ വ്യക്തമാക്കി.
എന്നാൽ, കൊലപാതകങ്ങൾക്ക് ശേഷം വീട്ടിൽ നിന്ന് കവർന്ന സ്വർണ്ണവും വെള്ളിയും കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള കടയിൽ വെച്ച് വീതം വെയ്ക്കുന്നതിനിടെ ഇരുവർക്കുമിടയിൽ ശക്തമായ തർക്കമുണ്ടായി. ഈ തർക്കത്തിനിടയിൽ സണ്ണി ഗുപ്ത അഭിഷേകിനെ അടിച്ചുകൊല്ലുകയും, മൃതദേഹം കടയ്ക്കുള്ളിലിട്ട് പൂട്ടി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയിലൂടെയാണ് പ്രതിയായ സണ്ണി ഗുപ്തയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും, ഇയാളിൽ നിന്ന് കവർച്ച ചെയ്ത സ്വർണ്ണവും വെള്ളിയും പോലീസ് കണ്ടെടുക്കുകയും ചെയ്തു.
Summary: A man who allegedly murdered his parents and sister over a property dispute in Prayagraj, Uttar Pradesh, was subsequently killed by his friend and accomplice following an argument over dividing the stolen valuables. The bodies of the elderly couple and their daughter were found inside their residence, while the son’s body was recovered from a locked shop on the ground floor. Police arrested the accomplice, Sunny Gupta, after analyzing CCTV footage, and recovered the stolen gold and silver from his possession.

