മാപ്പ് പറയേണ്ട കാര്യമില്ല, രാഷ്ട്രീയം പറയുന്നതിന്റെ പേരിൽ മാപ്പ് പറയണമെങ്കിൽ ആദ്യം മോദി പറയട്ടെ; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ശശി തരൂർ
Fri, 17 Mar 2023

ന്യൂഡൽഹി: ലണ്ടൻ പര്യടനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളില്‍ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ശശി തരൂർ എംപി. രാഹുൽ രാജ്യത്തെ അപമാനിച്ചെന്ന ആരോപണം അസംബന്ധമാണെന്നും അദ്ദേഹം പറയാത്ത കാര്യങ്ങളിലാണ് ബിജെപി കുറ്റപ്പെടുത്തുന്നത് എന്നും തരൂർ പറഞ്ഞു. രാഷ്ട്രീയം പറയുന്നതിന്റെ പേരിൽ മാപ്പ് പറയണമെങ്കിൽ ആദ്യം നരേന്ദ്ര മോദി മാപ്പ് പറയണമെന്നും തരൂർ കൂട്ടിച്ചേർത്തു. ക്രേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ രാഹുൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും താനടക്കം നിരവധി രാഷ്ട്രീയക്കാർ നിരീക്ഷണത്തിലാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ രാഹുലിനെതിരേ രംഗത്തെത്തിയിരുന്നു.