ജമ്മു കാഷ്മീരില്‍ എന്‍ഐഎ റെയ്ഡ്
May 2, 2023, 11:42 IST

ശ്രീനഗര്‍: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ജമ്മു കാഷ്മീരിലെ വിവിധ ഇടങ്ങളില്‍ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുന്നു. ഇരട്ട അതിര്‍ത്തി ജില്ലകളായ രജൗരി, പൂഞ്ച് എന്നിവിടങ്ങളിലും തെക്കന്‍, മധ്യ കാഷ്മീരിലും തെരച്ചില്‍ തുടരുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പൂഞ്ചില്‍ അഞ്ച് സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് എന്‍ഐഎ നടപടി സ്വീകരിച്ചത്. ഇതുവരെ ഇരുന്നൂറിലധികം പേരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷന് തുടരുകയാണെന്നും ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു.
ഏപ്രില്‍ 20ന്, രണ്ട് ഗ്രൂപ്പുകളിലായെത്തിയ എട്ടോളം ഭീകരര്‍ ആര്‍മി ട്രക്കിന് നേരെ ആക്രമണം നടത്തിയെന്നാണ് കരുതുന്നത്. പ്രദേശവാസികളുടെ പിന്തുണയോടെയാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് ജമ്മു കാഷ്മീര്‍ പോലീസ് സംശയിക്കുന്നു.
രാഷ്ട്രീയ റൈഫിള്‍സ് സംഘടിപ്പിക്കുന്ന ഇഫ്താറിനായി ഭിംബര്‍ ഗലി ക്യാമ്പില്‍ നിന്ന് സാംജിയോട്ടെ ഗ്രാമത്തിലേക്ക് പഴങ്ങളും പച്ചക്കറികളും മറ്റ് സാധനങ്ങളും കയറ്റി വരികയായിരുന്ന ട്രാക്കിനു നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.