പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം 'മൂന്നാം മുന്നണി'യിൽ ചേരുന്നില്ലെന്ന് വ്യക്തമാക്കി നവീൻ പട്‌നായിക്
Thu, 11 May 2023

മൂന്നാം മുന്നണിയിലോ ബിജെപി ഇതര പാർട്ടികളുടെ പൊതുവേദിയിലോ ചേരാൻ പോകുന്നില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് വ്യാഴാഴ്ച വ്യക്തമാക്കി. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ബിജു ജനതാദൾ (ബിജെഡി) ഒറ്റയ്ക്ക് മത്സരിക്കുമെന്നും പട്നായിക് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ, ഒഡീഷയുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തങ്ങൾ ചർച്ച ചെയ്തതെന്ന് പട്നായിക് പറഞ്ഞു.