ജി7ൽ ലോകനേതാക്കൾക്കിടയിൽ ഒറ്റപ്പെട്ടുപോയ മോദി; വിഡിയോ പങ്കുവെച്ച് പ്രശാന്ത് ഭൂഷൺ

ടോക്യോ: ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കൾക്കിടയിൽ ഒറ്റപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ പങ്കുവെച്ച് സുപ്രീം കോടതി അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. ‘നമ്മുടെ വിശ്വഗുരു തനിച്ചായി!’ എന്ന കുറിപ്പോടെയാണ് പ്രശാന്ത് ഭൂഷൺ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജി7 നേതാക്കളും ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികളും ചേർന്നുള്ള ഫോട്ടോ സെഷന് ശേഷം മറ്റു ലോക നേതാക്കൾ പരസ്പരം സംസാരിക്കുമ്പോൾ ആരാലും ശ്രദ്ധിക്കപ്പെടുകുടാതെ മോദി തിരിച്ചുനടക്കുന്നതാണ് വിഡിയോയിലുള്ളത്.

हमारे विश्व गुरु को ही अकेला छोड़ दिया! pic.twitter.com/TdDauzKEM4
— Prashant Bhushan (@pbhushan1) May 21, 2023
ഉച്ചകോടിക്കിടയിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓട്ടോഗ്രാഫ് ചോദിച്ചെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഈ വിഡിയോയും വൈറലായി. ജോ ബൈഡൻ നരേന്ദ്ര മോദിയോട് ഓട്ടോഗ്രാഫ് ചോദിച്ചെന്ന എ.എൻ.ഐ വാർത്ത ഏജൻസിയുടെ റിപ്പോർട്ടിലെ സത്യാവസ്ഥയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു. എ.എൻ.ഐയെ ഉദ്ധരിച്ച് നിരവധി ദേശീയ, പ്രാദേശിക മാധ്യമങ്ങളും ഈ വാർത്ത ഏറ്റുപിടിച്ചിരുന്നു.
എന്നാൽ, ഈ വാർത്തയുടെ ഉറവിടം എ.എൻ.ഐ വെളിപ്പെടുത്തുന്നില്ല. ജി7 ഉച്ചകോടി പോലൊരു അന്താരാഷ്ട്ര പരിപാടിയിൽ ഇത്തരമൊരു ആശയവിനിമയം നടന്നിട്ടുണ്ടെങ്കിൽ അത് പ്രമുഖ അന്തർദേശീയ മാധ്യമങ്ങളിൽ എത്തേണ്ടതാണ്. എന്നാൽ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും ചോദ്യമുന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.