ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മോദി

ഒരു വർഷത്തിനിടെ ആറാമത്തെ കൂടിക്കാഴ്ചയാണിത്. ഇത് ബന്ധങ്ങളിലെ ആഴത്തെ പ്രതിഫലിപ്പിക്കുന്നു. തങ്ങളുടെ ബന്ധം ട്വന്റി-20 വേഗത്തിലേക്ക് കടന്നതായും മോദി കൂട്ടിച്ചേർത്തു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
നേരത്തെ, ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു മോദി സംസാരിച്ചിരുന്നു. ഇന്ത്യ-ഓസ്ട്രേലിയ വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര സാമ്പത്തിക സഹകരണ കരാറിനു (സിഇസിഎ) രൂപം നൽകുമെന്നും മോദി പറഞ്ഞു. 21,000 ഇന്ത്യക്കാരാണു സിഡ്നിയിലെ ക്യൂഡോസ് ബാങ്ക് അരീനയിൽ മോദിയെ സ്വീകരിക്കാനെത്തിയത്. ഓസ്ട്രേലിയ പ്രധാനമന്ത്രിയും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യ- ഓസ്ട്രേലിയ ബന്ധത്തിനു ശക്തമായ അടിത്തറ പാകിയതു പരസ്പരബഹുമാനവും വിശ്വാസവുമാണെന്നും ഇതിന്റെ യഥാർഥ കാരണം ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹമാണെന്നും പ്രസംഗത്തിൽ മോദി പറഞ്ഞു.