ജി-7 ഉച്ചകോടിക്കായി മോദി ജപ്പാനിലെത്തി
Fri, 19 May 2023

ഹിരോഷിമ: ജി-7 ഗ്രൂപ്പിന്റെ വാർഷിക ഉച്ചകോടിയിലും മൂന്നാമത് ഇൻപേഴ്സണ്‍ ക്വാഡ് നേതാക്കളുടെ യോഗത്തിലും പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി.
ജപ്പാൻ, പാപുവ ന്യൂ ഗിനിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള ത്രിരാഷ്ട്ര പര്യടനത്തിന്റെ ആദ്യ പാദമായാണ് മോദി ജപ്പാനിലെത്തിയത്. ജപ്പാനിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.
40 പ്രോഗ്രാമുകളിൽ മോദി പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഉച്ചകോടികളിലും ഉഭയകക്ഷി യോഗങ്ങളിലും അദ്ദേഹം രണ്ട് ഡസനിലധികം ലോക നേതാക്കളുമായി സംവദിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.