ആസാമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ കുടുംബവും പ്രതിയും തമ്മിൽ പരിചയക്കാരാണ്. പെൺകുട്ടിയുടെ അമ്മയും പ്രതിയുടെ ഭാര്യയും വീട്ടുജോലിക്കാരാണ്. ചൊവ്വാഴ്ച രണ്ട് പേരും ഒരുമിച്ചാണ് ജോലിക്ക് പോയത്. ഈ സമയം കുട്ടിയെ പ്രതിയുടെ വീട്ടിലാക്കി.
ഇരുവരും ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പെൺകുട്ടി അവിടെ ഉണ്ടായിരുന്നില്ല. കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്നായിരുന്നു പ്രതി ഇവരോട് പറഞ്ഞത്. കുട്ടിയെ വീട്ടിൽ കാണാതായതോടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതറിഞ്ഞ പ്രതി വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. പോലീസെത്തി ഇയാളുടെ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ബുധനാഴ്ച സെപ്റ്റിക് ടാങ്കിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അരുണാചൽ പ്രദേശിലെ തിരപ് ജില്ലയിലെ ദിയോമാലി പട്ടണത്തിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ടിൻസുകിയയിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ പ്രതി ശ്രമിച്ചു. കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ഇയാൾ തയ്യാറാകാതെ വന്നതോടെയാണ് പോലീസ് നിറയൊഴിച്ചത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.