Times Kerala

 മെഡിക്കൽ പ്രവേശനം: നീറ്റ് പരീക്ഷ ഇന്ന്, കേരളത്തിൽ പരീക്ഷയെഴുതാൻ ഒന്നരലക്ഷംപേർ

 
 മെഡിക്കൽ പ്രവേശനം: നീറ്റ് പരീക്ഷ ഇന്ന്, കേരളത്തിൽ പരീക്ഷയെഴുതാൻ ഒന്നരലക്ഷംപേർ
എംബിബിഎസ്, ബിഡിഎസ്, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷകൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതലാണ് പരീക്ഷ നടക്കുക. പതിവ് മാർഗ നിർദേശങ്ങൾ കർശനമായി പരീക്ഷയിൽ നടപ്പിലാക്കും. ഒരു ക്ലാസ് മുറിയിൽ 24 കുട്ടികളാണ് പരീക്ഷ എഴുതുക. ഒരു ക്ലാസ് മുറിയിൽ രണ്ടു ഇൻവിജിലേറ്റർമാരുണ്ടാകും.

 ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കണം. ഇതിന് ശേഷം പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല. അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയ റിപ്പോർട്ടിങ് സമയം അനുസരിച്ച് പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചേരണം.‌‌ പരീക്ഷാഹാളിൽ പാലിക്കേണ്ട ഡ്രസ് കോഡും ഹാളിൽ അനുവദിച്ചിരിക്കുന്ന വസ്തുക്കളും മാത്രമേ കൊണ്ടുപോകാവൂ.  സുതാര്യമായ വെള്ളക്കുപ്പി പരീക്ഷാ ഹാളിൽ കൊണ്ടുപോകാനുള്ള അനുമതി ഇത്തവണ നൽകിയിട്ടുണ്ട്. 

വിദേശ രാജ്യങ്ങളിലെ 14 കേന്ദ്രങ്ങളടക്കം രാജ്യത്താകെ 499 കേന്ദ്രങ്ങളിലാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ആകെ 20 ലക്ഷത്തിലധികം കുട്ടികൾ ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തിൽ 16 നഗര കേന്ദ്രങ്ങളിലായി 1.28 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്. മുൻ വർഷങ്ങളിലെ വിവാദങ്ങൾ കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങളിൽ മുന്നൊരുക്കങ്ങൾ ഉണ്ടാകുമെന്നും എന്നാൽ മാർഗനിർദേശങ്ങളിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അധികൃതർ അറിയിച്ചു.

Related Topics

Share this story