നാല് കുട്ടികളെ ആശുപത്രിക്ക് മുന്നിലുപേക്ഷിച്ച് അമ്മ കാമുകനൊപ്പം മുങ്ങി
May 3, 2023, 14:08 IST

നാല് കുട്ടികളെ ആശുപത്രിക്ക് മുന്നിലുപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി യുവതി. മധ്യ പ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. രണ്ടും നാലും വയസുള്ള ആണ്‍കുട്ടികളും ആറും എട്ടും വയസുള്ള പെണ്‍കുട്ടികളേയുമാണ് ആശുപത്രിക്ക് മുന്നില്‍ ഉപേക്ഷിച്ചത്. ഞായറാഴ്ച രാത്രിയാണ് ആശുപത്രിക്ക് മുന്നില്‍ കരയുന്ന കുട്ടികളെ ആളുകള്‍ ശ്രദ്ധിക്കുന്നത്. മഹാരാജാ യശ്വന്ത്റാവോ ആശുപത്രിക്ക് മുന്നിലായിരുന്നു കുട്ടികളെ നിര്‍ത്തി കാമുകനൊപ്പം യുവതി കടന്നു കളഞ്ഞത്.
ബാര്‍വാനി ജില്ല സ്വദേശികളാണ് കുട്ടികളെന്നാണ് വിവരം. ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞ ശേഷമായിരുന്നു കുട്ടികളെ ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട് ഇവരുടെ അമ്മ കടന്നുകളഞ്ഞതെന്നാണ് വിവരം. ഇവരുടെ പിതാവ് അശോക് നഗര്‍ ജില്ലയിലാണ് താമസമെന്നാണ് സൂചന ലഭിച്ചതായി ശിശുക്ഷേമ സമിതി ചെയര്‍ പേഴ്സണ്‍ പല്ലവി മാധ്യമങ്ങളോട് പ്രതികരിച്ചത്. നിലവില്‍ കുട്ടികൾ സര്‍ക്കാര്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണുള്ളത്. കുട്ടികളെ ഉപേക്ഷിക്കുന്ന സമയത്ത് അമ്മയ്ക്ക് ഒപ്പമുണ്ടായിരുന്നത് കാമുകനെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. കുട്ടികളെ സംരക്ഷിക്കാന്‍ തയ്യാറാകാതെ ഉപേക്ഷിച്ച അമ്മയ്ക്കെതിരെ നിയമ പരമായ നടപടിയെടുക്കുമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.