മുംബൈ: ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് മെഡൽ ജേതാവ് ഖഷാബ ദാദാസാഹേബ് ജാദവിന് (കെ.ഡി. ജാദവ്) മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകുന്ന കാര്യത്തിൽ മെയ് 4-നകം തീരുമാനമെടുക്കാൻ ബോംബെ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു (KD Jadhav Padma Vibhushan Update). ഹൈക്കോടതിയുടെ കോലാപ്പൂർ ബെഞ്ചാണ് നിർണ്ണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
മഹാരാഷ്ട്രയിൽ നിന്നുള്ള ഗുസ്തി താരമായ കെ.ഡി. ജാദവ് സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി വ്യക്തിഗത ഒളിമ്പിക് മെഡൽ നേടിയ ആളാണെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ജസ്റ്റിസുമാരായ മാധവ് ജാംദാർ, പ്രവീൺ പാട്ടീൽ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കെ.ഡി. ജാദവിന്റെ മകൻ രഞ്ജിത് ജാദവ് സ്ഥാപിച്ച ‘കുസ്തീവീർ ഖഷാബ ജാദവ് ഫൗണ്ടേഷൻ’ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതി നടപടി. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പത്മ അവാർഡ് സെൽ മെയ് 4-നകം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. കേസ് വീണ്ടും മെയ് 5-ന് പരിഗണിക്കും. 1952-ലെ ഹെൽസിങ്കി ഒളിമ്പിക്സിലാണ് കെ.ഡി. ജാദവ് ഗുസ്തിയിൽ വെങ്കല മെഡൽ നേടിയത്. പതിറ്റാണ്ടുകൾക്ക് ശേഷവും അദ്ദേഹത്തിന് അർഹമായ ആദരം ലഭിച്ചില്ലെന്ന പരാതി കായിക ലോകത്ത് ശക്തമാണ്.
Summary: The Bombay High Court has directed the Union government to decide by May 4 on posthumously conferring the Padma Vibhushan on wrestler KD Jadhav, India’s first individual Olympic medalist. Hearing a PIL filed by the ‘Kusteeveer Khashaba Jadhav Foundation’, the court noted Jadhav’s undisputed contribution as a pioneering athlete. The Ministry of Home Affairs must now respond to the representation by the given deadline, with the next hearing scheduled for May 5.

