നായയിൽനിന്ന് രക്ഷപ്പെടാൻ മൂന്നാം നിലയിൽനിന്ന് ചാടി; ഡെലിവറി ബോയ് ഗുരുതരാവസ്ഥയിൽ
May 23, 2023, 13:12 IST

ഹൈദരാബാദ്: നായയുടെ ആക്രമണത്തിൽനിന്ന് രക്ഷ നേടാൻ ഫ്‌ളാറ്റിന്റെ മൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടിയ ഡെലിവറി ബോയ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഹൈദരാബാദിലെ പഞ്ചവതി കോളനിയിൽ ശ്രീനിധി ഹൈറ്റ്‌സ് അപ്പാർട്ട്‌മെന്റിൽ സാധനം ഡെലിവറി ചെയ്യാനെത്തിയ യുവാവിനാണ് ഗുരുതര പരിക്കേറ്റത്.
ഫ്‌ളാറ്റിലെ താമസക്കാരൻ ഓർഡർ ചെയ്ത കിടക്കയുമായി എത്തിയതായിരുന്നു ഇല്യാസ്. വാതിലിന് മുട്ടിയപ്പോൾ പകുതി തുറന്നുകിടന്ന വിടവിലൂടെ പുറത്തുചാടിയ വളർത്തുനായ ഇല്യാസിനെ കടിക്കാൻ ഓടിക്കുകയായിരുന്നു.
ഫ്‌ളാറ്റിന്റെ പാരപ്പറ്റ് മതിലിന് മുകളിലേക്ക് ചാടിയ ഇല്യാസിനെ രക്ഷിക്കാൻ ഫ്‌ളാറ്റിലെ താമസക്കാർ ശ്രമിച്ചെങ്കിലും അദ്ദേഹം കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഐ.പി.സി 289 പ്രകാരം കേസെടുത്തതായി റായ്ദുർഗം പൊലീസ് അറിയിച്ചു.