രാജ്യത്തെ നടുക്കിയ മംഗളൂരു വിമാന ദുരന്തം നടന്നിട്ട് ഇന്ന് 13 വർഷം

നാടിനെ നടുക്കിയ മംഗളൂരു വിമാന ദുരന്തം നടന്നിട്ട് ഇന്ന് പതിമൂന്ന് വർഷം തികയുന്നു. 2010 മെയ് 22ന് 160 യാത്രക്കാരും ആറ് ജീവനക്കാരുമായി ദുബായിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു. റൺവേക്ക് സമീപം സ്ഥാനം തെറ്റി
ഇടിച്ചിറങ്ങിയ വിമാനം നിമിഷങ്ങൾക്കകം കത്തിയമർന്നു. 52 മലയാളികളടക്കം 158 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. ജീവിതം തിരികെ കിട്ടിയത് വെറും എട്ട് പേർക്ക് മാത്രം.
ഇന്ത്യയിൽ സംഭവിച്ച മൂന്നാമത്തെ വലിയ വിമാന അപകടമാണിത്. 349 പേരുടെ മരണത്തിനിടയാക്കിയ 1996-ലെ ചക്രി ദർദി വിമാനപകടം, 1978-ൽ 213 പേർ മരിച്ച എയർ ഇന്ത്യ വിമാനം 855-ഉം ആണ് മറ്റ് രണ്ടെണ്ണം. 1996ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തമായിരുന്നു മംഗളൂരുവിൽ അരങ്ങേറിയത്.
ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറി സമീപത്തെ വലിയ കുഴിയിലേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ചവർക്ക് 75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി വിധി വന്നെങ്കിലും അതിനായുള്ള കാത്തിരിപ്പും, നിയമ പോരാട്ടവും ഇന്നും തുടരുന്നു.