ഐപിഎൽ ടിക്കറ്റ് കരിഞ്ചന്ത; 20 പേർ അറസ്റ്റിൽ
May 24, 2023, 18:56 IST

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിംഗ്സ് - ഗുജറാത്ത് ടൈറ്റൻസ് ക്വാളിഫയർ പോരാട്ടത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ 20 പേർ അറസ്റ്റിൽ. ചെപ്പോക്ക് സ്റ്റേഡിയത്തിന്റെ പരിസരത്ത് നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുടെ പക്കൽ നിന്ന് 54 ടിക്കറ്റുകളും 11,300 രൂപയും കണ്ടെത്തി.
മേയ് 22, 23 തീയതികളിൽ സ്റ്റേഡിയത്തിന് സമീപത്ത് വച്ച് ഉയർന്ന തുകയ്ക്ക് ടിക്കറ്റുകൾ മറിച്ചുവിൽക്കാൻ ശ്രമിച്ചവരാണ് പിടിയിലായത്. കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപന തടയാനായി പോലീസ് നിയോഗിച്ച പ്രത്യേക സ്ക്വാഡ് ആണ് ഇവരെ പിടികൂടിയത്. സംഭവത്തിൽ ആകെ 11 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്.
