സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവയ്ക്ക് പകരം കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ഓർഡർ ചെയ്യാം; അറിയാം ഈ കേന്ദ്ര സർക്കാർ പ്ലാറ്റ്‌ഫോമിനെ
Wed, 24 May 2023

രാജ്യത്തെ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികളുടെ കുത്തക അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച മികച്ച ഡിജിറ്റൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഒഎൻഡിസി (ONDC). സർക്കാർ തയ്യാറാക്കിയ ഈ ഡിജിറ്റൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ, ഭക്ഷണ സാധനങ്ങൾ മുതൽ മറ്റ് പലതും വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ്. സ്വിഗ്ഗി, സൊമാറ്റോ എന്നിവയെ അപേക്ഷിച്ച് ഒഎൻഡിസിയിൽ വിലക്കുറവിൽ ഭക്ഷണം ലഭ്യമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഒഎൻഡിസിക്ക് ഔദ്യോഗിക ആപ്പൊന്നും ഇല്ലെന്നതാണ് ശ്രദ്ധേയം. പേടിഎം (Paytm) അല്ലെങ്കിൽ മാജിക്‌പിൻ (Magicpin) പോലുള്ള പങ്കാളി ആപ്പുകളുടെ സഹായത്തോടെ ഒഎൻഡിസി ഉപയോഗിക്കാം. ആപ്പ് തുറന്ന് 'ONDC' എന്ന് തിരയണം. അടുത്ത ഘട്ടത്തിൽ, സ്ക്രീനിലെ ഭക്ഷണവും പലചരക്ക് സാധനങ്ങളും എന്ന ഓപ്ഷനിൽ നിങ്ങൾ ക്ലിക്ക് ചെയ്യണം . ഇവിടെ നിന്ന് നിങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം എളുപ്പത്തിൽ ഓർഡർ ചെയ്യാം. നിലവിൽ ബെംഗളൂരു ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ മാത്രമാണ് ഒഎൻഡിസി സേവനം ലഭ്യമാകുന്നത്.