15 വർഷത്തിനിടെ വസുന്ധരയുമായി സംസാരിച്ചത് 15 തവണ മാത്രം; സച്ചിൻ പൈലറ്റിന്റെ ആരോപണം തള്ളി ഗെഹ്ലോട്ട്
May 14, 2023, 14:26 IST

ജയ്പുർ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തനിക്കെതിരെ കുപ്രചരണം നടത്തുന്നവർ അപകടകാരികൾ ആണെന്നുമാണ് ഗെഹ്ലോട്ട് പറയുന്നത്. 15 വർഷം വെറും 15 തവണ മാത്രമേ വസുന്ധരയുമായി സംസാരിച്ചിട്ടുള്ളൂ. തന്റേതിൽ നിന്ന് തീർത്തും വ്യത്യസ്തമായ നിലപാടുകളാണ് അവർക്ക്. ഒരു തരത്തിലും ഐക്യപ്പെടാൻ പറ്റില്ല. തന്റെ പരാമർശം വളച്ചൊടിക്കുകയായിരുന്നു മാധ്യമങ്ങൾ. 2020ൽ സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ പൈലറ്റും ചില കോൺഗ്രസ് നേതാക്കളും കലാപമുണ്ടാക്കിയപ്പോൾ രക്ഷിച്ചത് വസുന്ധരയാണെന്നായിരുന്നു ഗെഹ്ലോട്ട് പറഞ്ഞത്. ഇതിനിടെ, സച്ചിൻ പൈലറ്റിനെതിരേ രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ്വിന്ദർ സിംഗ് രൺധാവയും രംഗത്തെത്തി. സച്ചിൻ പൈലറ്റിന്റെ യാത്ര വ്യക്തിപരമാണെന്നും സച്ചിൻ യാത്രക്കായി തെരഞ്ഞെടുത്ത സമയം ഉചിതമായില്ലെന്നും അദ്ദേഹം പ്രതികരിച്ചു.