'ഹിന്ദുക്കൾക്കെതിരെയോ ഇന്ത്യക്കെതിരെയോ സംസാരിച്ചാൽ യോഗി മോഡലില്‍ റോഡിലിട്ട് വെടിവെച്ചുകൊല്ലും'- ബി.ജെ.പി എം.എൽ.എ

'നിങ്ങൾ ഞങ്ങളുടെ വിശ്വാസത്തെക്കുറിച്ചോ ഇന്ത്യയെക്കുറിച്ചോ ഹിന്ദുക്കളെക്കുറിച്ചോ പറഞ്ഞാൽ, റോഡിൽ തന്നെ വെടിവച്ചുകൊല്ലും ,' ബസവനഗൗഡ പാട്ടീൽ യത്നാൽ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സംസാരിക്കുമ്പോഴാണ് എം.എൽ.എയായ ബസവനഗൗഡ പാട്ടീൽ യത്നാലിന്റെ വിവാദ പ്രസംഗം. വിജയപുരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രസംഗം. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കർണാടകയിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നാൽ യോഗി ആദിത്യനാഥ് സർക്കാർ മോഡലിൽ ഭരണം കൊണ്ടുവരും. ഇന്ത്യയെക്കുറിച്ചോ ഹിന്ദുക്കളെ കുറിച്ചോ മോശമായി സംസാരിക്കുന്നവരെ അവരെ റോഡിൽ വെച്ച് തന്നെ എൻകൗണ്ടർ ചെയ്യും.ആരെയും ജയിലിലേക്ക് അയക്കില്ല..' യത്‌നാൽ പറഞ്ഞു.
യു.പി. പൊലീസ് കസ്റ്റഡിയിലായിരിക്കെ മൂന്ന് അക്രമികൾ കൊലപ്പെടുത്തിയ അതീഖ് അഹമ്മദിനെ കുറിച്ചും ഉത്തർപ്രദേശിൽ കുറ്റവാളികളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും പരാമർശിക്കുന്നതിനിടെയാണ് യത്‌നാൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്.