'ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. എന്റെ മകനെ ഇതില്‍ നിന്നും മുക്തനാക്കണം'; ഷാരൂഖ് ഖാന്‍- സമീര്‍ വാങ്കഡെ വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത്

ന്യൂഡല്‍ഹി : ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനും മുന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മേധാവി (NCB) സമീര്‍ വാങ്കഡെയും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത്. മുംബൈ മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനെ വിട്ടയക്കാന്‍ സമീര്‍ വാങ്കഡെയോട് ഷാരൂഖ് ഖാന്‍ അഭ്യര്‍ത്ഥിക്കുന്ന രീതിയിലുള്ള വാട്ട്സ്ആപ്പ് ചാറ്റാണ് പുറത്തായത്.
'ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. എന്റെ മകനെ ഇതില്‍ നിന്നും മുക്തനാക്കണം. എന്റെ മകനോ കുടുംബത്തിനോ ഇതില്‍ ഒരു പങ്കും ഇല്ല. ഈ സംഭവത്തിന് ശേഷം ആരോടും സംസാരിക്കാന്‍ പോലും എനിക്ക് സാധിക്കുന്നില്ല' - എന്നായിരുന്നു ചാറ്റിൽ ഷാരൂഖ് ഖാൻ പറയുന്നത്.
ഈ ചാറ്റിന് ആശ്വസിപ്പിക്കുന്ന തരത്തിലാണ് സമീര്‍ വാങ്കഡെയുടെതെന്ന് പറയുന്ന ചാറ്റ്. 'പ്രിയപ്പെട്ട ഷാരൂഖ്. അടുത്തുനടന്ന സംഭവങ്ങളില്‍ എനിക്കും വേദനയുണ്ട്. ആരെയും ഇതൊന്നും സന്തോഷിപ്പിക്കുന്നില്ലെന്ന് അറിയാം. എന്റെ ഭാഗത്തുള്ള ഒരാളും മനപ്പൂര്‍വം ആര്യനെ ഇതിലേക്ക് വലിച്ചിഴച്ചിട്ടില്ല. എന്നെ വിശ്വസിക്കുക. ചില നിയമ കാര്യങ്ങള്‍ അവഗണിക്കാന്‍ സാധിക്കില്ല. അതിനാല്‍ ക്ഷമയോടെ കാത്തിരിക്കുക. എല്ലാം ശരിയാകും' -എന്നായിരുന്നു വാങ്കഡെയുടെ മറുപടി ചാറ്റ്.
എന്നാല്‍ ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്ത് ഈ വാട്ട്‌സ്ആപ്പ് ചാറ്റ് വ്യാജമാണെന്ന് ആരോപിച്ചു. ഷാരൂഖ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നില്ലെന്നും, ചാറ്റില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ, അപേക്ഷിക്കുന്ന രീതി ഇവയൊന്നും ഒരിക്കലും ഷാരൂഖ് ചെയ്യുന്ന രീതിയില്‍ അല്ലെന്നും പേര് വെളിപ്പെടുത്താത്ത സുഹൃത്ത് വ്യക്തമാക്കി.