ജമ്മു കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ: ചൈനീസ് ഗ്രനേഡ് കണ്ടെടുത്തു
Sat, 27 May 2023

ശ്രീനഗർ: ജമ്മു കശ്മീരിൽ ചൈനീസ് ഗ്രാനേഡുമായി ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ. ജമ്മു കശ്മീർ, കിഷ്ത്വാർ ജില്ലയിലെ ചെർജിയിൽ താമസിക്കുന്ന മുഹമ്മദ് യൂസഫ് ചൗഹാനെയാണ് പിടികൂടിയത്. ഭീകര പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നു എന്ന് രഹസ്യ വിവരം പോലീസിന് ലഭിച്ചതിനെ തുടർന്നാണ് മുഹമ്മദ് യൂസഫ് ചൗഹാനെ അറസ്റ്റ് ചെയ്യാൻ സംഘം ഓപ്പറേഷൻ തയ്യാറാക്കിയത്.
17 ആർആർ, സിആർപിഎഫ് 52 ബറ്റാലിയൻ ടീമുകൾക്കൊപ്പം കിഷ്ത്വാർ പോലീസും ചേർന്ന് നടത്തിയ സംയുക്ത തിരച്ചിലിലാണ് ഹിസ്ബുൾ മുജാഹിദ്ദീന്റെ (എച്ച്എം) സജീവ പ്രവർത്തകനായ യൂസഫ് ചൗഹാനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട്, സ്ഫോടകവസ്തുക്കൾ നിയമം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കിഷ്ത്വാർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിലാണ് കൈവശമുള്ള ചൈനീസ് ഗ്രനേഡ് എവിടെയാണെന്ന് യൂസഫ് ചൗഹാൻ വെളിപ്പെടുത്തിയത്.