ചൂലിനുള്ളിൽ കടത്തിയ 38 കോടി രൂപയുടെ ഹെറോയിൻ പിടികൂടി
May 12, 2023, 22:24 IST

അമൃത്സർ: പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ചൂലുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 38.36 കോടി രൂപ മൂല്യമുള്ള ഹെറോയിൻ പിടികൂടി. അമൃത്സറിലെ അട്ടാരി മേഖലയിലെ അതിർത്തി ചെക്ക്പോസ്റ്റിലാണ് ലഹരിമരുന്ന് പിടികൂടിയത്. അഫ്ഗാൻ ബ്രൂം എന്നറിയപ്പെടുന്ന ചൂലുകളുടെ കൈപ്പിടിയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. മുളന്തണ്ട് കൊണ്ട് നിർമിച്ച പിടികൾക്കുള്ളിലാണ് 5.48 കിലോഗ്രാം ഹെറോയിൻ ഒളിപ്പിച്ചിരുന്നത്.
ലഹരിക്കേസിൽ മുമ്പ് അറസ്റ്റിലായിട്ടുള്ള അഫ്ഗാൻ പൗരനാണ് സംഭവം ആസൂത്രണം ചെയ്തത്. 40 ചാക്കുകളിലായി ആകെ 4,000 ചൂലുകളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് ചാക്കുകളിലുണ്ടായിരുന്ന 442 ചൂലുകൾക്കുള്ളിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കേസിലെ മുഖ്യപ്രതിയായ അഫ്ഗാൻ പൗരനെയും ഇന്ത്യക്കാരിയായ ഇയാളുടെ ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുമെന്നും ലഹരിക്കടത്തിന് ഗൂഢാലോചന നടത്തിയവരെ പിടികൂടുമെന്നും അധികൃതർ അറിയിച്ചു.