വീണ്ടും നാണക്കേടായി ഗുജറാത്ത്: 10ാം ക്ലാസിൽ പൂജ്യം വിജയശതമാനവുമായി 157 സ്‌കൂളുകൾ
May 26, 2023, 10:35 IST

ഗുജറാത്തിലെ ഈ വർഷത്തെ 10ാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ157 സ്‌കൂളുകളിൽ ഒരുവിദ്യാർഥി പോലും ജയിച്ചില്ല. 1084 സ്‌കൂളുകളിൽ 30 ശതമാനത്തിൽ താഴെ മാത്രമാണ് വിജയശതമാനം. 2022ലെ പരീക്ഷയിൽ 121 സ്കൂളുകളായിരുന്നു പൂജ്യം വിജയശതമാനം നേടിയത്. ഇക്കുറി 36 സ്കൂളുകൾ കൂടി ഈ പട്ടികയിൽ ഇടംപിടിച്ചു.

ഗുജറാത്ത് സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് (ജി.എസ്.ഇ.ബി) നടത്തിയ പത്താം ക്ലാസ് പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ആകെ 7.34 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 4.74 ലക്ഷം വിദ്യാർത്ഥികൾ മാത്രമാണ് എല്ലാ വിഷയത്തിനും വിജയിച്ചത്. 64.62 ആണ് വിജയശതമാനം.
2022ൽ 65.18 ആയിരുന്ന വിജയശതമാനം. കഴിഞ്ഞവർഷം 71.66 ശതമാനം പെൺകുട്ടികൾ പരീക്ഷ പാസായപ്പോൾ ആൺകുട്ടികളുടെ വിജയ ശതമാനം 59.92 ആയിരുന്നു .