Times Kerala

 മെയ് 19 വരെയുള്ള എല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കി ഗോ ഫസ്റ്റ്; പാപ്പരത്ത അപേക്ഷ എന്‍സിഎല്‍ടി അംഗീകരിച്ചു

 
 മെയ് 19 വരെയുള്ള എല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കി ഗോ ഫസ്റ്റ്; പാപ്പരത്ത അപേക്ഷ എന്‍സിഎല്‍ടി അംഗീകരിച്ചു
 ന്യൂഡല്‍ഹി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍ മെയ് 19 വരെ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. നേരത്തെ, മെയ് 12 വരെയുള്ള എല്ലാ ഫ്‌ളൈറ്റുകളും റദ്ധാക്കിയതായി വിമാനക്കമ്പനി വൃത്തങ്ങൾ അറിയിച്ചിരുന്നു. ഫ്‌ളൈറ്റ് സര്‍വീസ് റദ്ദാക്കിയതിനാല്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ക്ഷമ ചോദിച്ചു. യാത്രാ തടസ്സം നേരിട്ടവര്‍ക്ക് മുഴുവന്‍ പണവും നല്‍കുമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. വാഡിയയുടെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ കുടിശ്ശിക തീര്‍പ്പാക്കാത്തതിനാല്‍ മെയ് 3 മുതല്‍ മൂന്ന് ദിവസത്തേക്കാണ് ആദ്യം വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്. പിന്നീട് മെയ് 9 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി. തുടര്‍ന്ന് മെയ് 12 വരെ നീട്ടുകയായിരുന്നു. ഇപ്പോള്‍ മെയ് 19 വരെ എല്ലാ ഫ്‌ളൈറ്റ് സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്. അതേസമയം, സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റ് എയര്‍ലൈനിന്റെ സ്വമേധയാ പാപ്പരത്തത്തിനുള്ള അപേക്ഷ ബുധനാഴ്ച നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) അംഗീകരിച്ചു. ഇതോടെ, കുടിശ്ശിക വരുത്തിയ എയര്‍ലൈനിന്റെ ആസ്തികള്‍ക്കും പാട്ടങ്ങള്‍ക്കും വാടകക്കാരില്‍ നിന്നും വായ്പ നല്‍കിയവരില്‍ നിന്നും മൊറട്ടോറിയത്തിന് കീഴില്‍ സംരക്ഷണം അനുവദിച്ചു. ഒരു ഇന്ത്യന്‍ എയര്‍ലൈന്‍ സ്വമേധയാ പാപ്പരത്ത സംരക്ഷണം തേടുന്നത് ഇതാദ്യമാണ്. അധ്യക്ഷന്‍ ജസ്റ്റിസ് രാമലിംഗം സുധാകര്‍, എല്‍എന്‍ ഗുപ്ത എന്നിവരടങ്ങിയ രണ്ടംഗ എന്‍സിഎല്‍ടി ബെഞ്ച് കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രോസസ് (സിഐആര്‍പി) ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി.

Related Topics

Share this story