യുപിയിൽ വിനോദയാത്രയ്ക്ക് പോയ അഞ്ച് കൗമാരക്കാർ മുങ്ങി മരിച്ചു
ലക്നോ: ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിലെ ബെത്വ നദിയിൽ വിനോദയാത്രയ്ക്ക് പോയ അഞ്ച് കൗമാരക്കാർ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു.
ഒരായ് കോട്വാലിയിലെ ബഗൗര പ്രദേശവാസികളായ ആര്യൻ(16), അനുഭവ് ബുണ്ടേല (17), ശിവ(16), മഹേന്ദ്ര പ്രതാപ്(17), ഹേമന്ത് (17) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം കൊട്ര മേഖലയിലെ ബെത്വ നദിയിലെ സലാഘട്ടിൽ കുളിക്കുന്നതിനിടെയാണ് സംഭവം നടന്നത്. വസ്ത്രങ്ങളും മോട്ടോർ സൈക്കിളും സ്കൂട്ടറും നദീതീരത്ത് കണ്ട ഗ്രാമവാസികൾ പോലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ദേശീയ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച നദിയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളും സ്ഥലത്തെത്തി അവരുടെ വസ്ത്രങ്ങൾ തിരിച്ചറിഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.