ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍
Wed, 15 Mar 2023

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വെെ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍. ആന്ധ്രാപ്രദേശ് ക്രിക്കറ്റ് താരമായിരുന്ന നാഗരാജു ബുദുമുരു(28) വിനെയാണ് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക്സ് കമ്പനിയില്‍ നിന്നുമാണ് ഇയാൾ പണം തട്ടിയത്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റാണെന്നും റിക്കി ഭൂയി എന്ന ക്രിക്കറ്റ് താരത്തെ സ്പോണ്സര് ചെയ്യണമെന്നും പറഞ്ഞ് കന്പനിയിൽ നിന്ന് പ്രതി 12 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. എന്നാല്‍ പണം നല്‍കിയിട്ടും ക്രിക്കറ്റ് ബോര്‍ഡില്‍നിന്നോ മറ്റുള്ളവരില്‍നിന്നോ പ്രതികരണമില്ലാതെ വന്നതോടെ കമ്പനി പോലീസില്‍ പരാതി നൽകി. ആന്ധ്രയ്ക്ക് വേണ്ടി രഞ്ജി മത്സരങ്ങൾ കളിച്ച താരമാണ് നാഗരാജു.