വനിതാ സുഹൃത്ത് കോക്പിറ്റിൽ; പൈലറ്റിനും എയർ ഇന്ത്യക്കും എതിരെ നടപടി

ഫെബ്രുവരി 27 ന് ഡൽഹി-ദുബായ് എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം നടന്നത്. നിയമപ്രകാരം കോക്പിറ്റിനുള്ളിൽ അനധികൃതമായി ആരെയും പ്രവേശിപ്പിക്കാൻ പാടില്ല.
സുരക്ഷാ ലംഘനം സംബന്ധിച്ച് എയർ ഇന്ത്യ സിഇഒയെ വിവരം അറിയിച്ചിട്ടും ഉടനടി തിരുത്തൽ നടപടി സ്വീകരിച്ചില്ലെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടുന്നു. കാബിൻ ക്രൂവിലൊരാൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എയർ ഇന്ത്യയുടെ സിഇഒ കാംബെൽ വിൽസണിന് മാർച്ച് ആദ്യമാണ് ഈ കാബിൻ ക്രൂ കത്തെഴുതുകയായിരുന്നു. എന്നാൽ പ്രതികരണം ഉണ്ടായില്ല. പിന്നീട് സംഭവം ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തതോടെയാണ് വിവാദമായത്.
പൈലറ്റിനൊപ്പം കോക്പിറ്റിൽ യാത്ര ചെയ്ത ജീവനക്കാരിക്കെതിരെയും നടപടിക്ക് ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള എയര്‍ ഇന്ത്യ സ്റ്റാഫിനെയാണ് പൈലറ്റ് കോക്പിറ്റില്‍ കയറാന്‍ അനുവദിച്ചത്. ഇവര്‍ യാത്രക്കാരിയായിട്ടായിരുന്നു വിമാനത്തില്‍ കയറിയത്. എക്കണോമി ക്ലാസില്‍ തന്റെ ഒരു വനിതാ സുഹൃത്ത് യാത്ര ചെയ്യുന്നുണ്ടെന്നും അവരുടെ സീറ്റ് അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടിയാണെന്നുമാണ് പൈലറ്റ് പറഞ്ഞത്. എന്നാല്‍, ബിസിനസ് ക്ലാസില്‍ ഒഴിവില്ലെന്ന് കാബിന് ക്രൂ പൈലറ്റിനെ അറിയിച്ചു. തുടര്‍ന്ന് സുഹൃത്തിനെ കോക്ക്പിറ്റില്‍ എത്തിക്കാന്‍ പരാതിക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു.
തന്റെ വനിതാ സുഹൃത്ത് ഉള്ളില്‍ക്കടക്കുന്നതിന് മുന്‍പ്, കോക്ക്പിറ്റിന്റെ ഉള്‍വശം ആകര്‍ഷണീയമാക്കാൻ കാബിൻ ക്രൂവിനോട് പൈലറ്റ് ആവശ്യപ്പെട്ടിരുന്നു. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് നല്കുന്ന ഭക്ഷണം സുഹൃത്തിന് നല്‍കണമെന്ന് പൈലറ്റ് നിര്‍ദേശിച്ചു.
സുഹൃത്തിന് സുഖമായി ഇരിക്കാന്‍ തലയിണകള്‍ നല്‍കാനും നിര്‍ദേശിച്ചിരുന്നു. ഏകദേശം ഒരു മണിക്കൂര്‍ പൈലറ്റിനൊപ്പം വനിതാസുഹൃത്ത് കോക്ക്പിറ്റിനുള്ളില്‍ ചെലവഴിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.