ഡ്രൈവിങ്ങ് അറിയില്ല; മോഷ്ടിച്ച കാർ 10 കിലോമീറ്ററോളം തള്ളി മൂന്ന് മോഷ്ടാക്കൾ
Wed, 24 May 2023

മോഷ്ടിച്ച വാഹനം 10 കിലോമീറ്ററോളം തള്ളി മൂന്ന് മോഷ്ടാക്കൾ. വാഹനം മോഷ്ടിച്ചെങ്കിലും മൂന്ന് പേർക്കും ഡ്രൈവിങ്ങ് അറിയാത്തതാണ് തിരിച്ചടിയായത്. തള്ളി മടുത്തപ്പോൾ മൂവരും ചേർന്ന് വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടാക്കളെ പൊലീസ് പിടികൂടി.സത്യം കുമാർ, അമൻ ഗൗതം, അമിത് വർമ എന്നിവരാണ് പിടിയിലായത്. സത്യം കുമാർ ബി ടെക് വിദ്യാർത്ഥിയും അമൻ ബി കോം വിദ്യാർത്ഥിയുമാണ്. അമിത് തൊഴിൽരഹിതനാണ്.
ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. കാൺപൂരിലെ ദബൗളി ഏരിയയിൽ നിന്ന് രണ്ട് കോളജ് വിദ്യാർത്ഥികൾ അടങ്ങിയ സംഘം ഒരു മാരുതി വാൻ മോഷ്ടിക്കുകയായിരുന്നു. വേഗത്തിൽ കുറച്ച് പണമായിരുന്നു ലക്ഷ്യം. എന്നാൽ, മൂന്നുപേർക്കും വാഹനം ഓടിക്കാൻ അറിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ വണ്ടി തള്ളാൻ അവർ തീരുമാനിച്ചു. അർദ്ധരാത്രിയിൽ 10 കിലോമീറ്ററോളം ഇവർ വണ്ടി തള്ളി. അപ്പോഴേക്കും മൂവരും തളർന്നു. തുടർന്ന് കാറിൻ്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റി ഒറ്റപ്പെട്ട ഒരു സ്ഥലത്ത് കാർ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. പിറ്റേന്ന് വാഹനം കണ്ടെത്തുകയും തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ പിടിയിലാവുകയുമായിരുന്നു