‘കടകളിൽ മൊബൈൽ നമ്പർ ശേഖരിക്കരുത്’; നിർദ്ദേശവുമായി കേന്ദ്രം
Thu, 16 Mar 2023

ഡൽഹി: ചില പ്രത്യേക സേവനങ്ങൾക്കല്ലാതെ വ്യാപാര സ്ഥാപനങ്ങൾ ഉപഭോക്താവിൻ്റെ മൊബൈൽ ഫോൺ നമ്പർ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ പാടില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്‌സഭയിൽ അറിയിച്ചു. സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ മൊബൈൽ ഫോൺ നമ്പർ ചില്ലറ വിൽപ്പന ശാലകളും വ്യാപാര സ്ഥാപനങ്ങളും വാങ്ങി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഡാറ്റാ പ്രാദേശികവത്ക്കരണം, അനധികൃതമായി ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നത് തടയൽ എന്നിവ സംബന്ധിച്ച സ്വകാര്യ ബിൽ താൻ ലോക്സഭയിൽ അവതരിപ്പിച്ചതാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി.