ഭാര്യ ഫാഷനുള്ള വള ധരിച്ചതിൽ അതൃപ്തി; യുവതിയെ ബെൽറ്റ് കൊണ്ട് അടിച്ചും മർദിച്ചും ഭർത്താവും കുടുംബവും
Nov 18, 2023, 22:12 IST

മുംബൈ: ഫാഷനുള്ള വളകൾ ധരിച്ചതിന് ഭർത്താവും ഭർതൃമാതാവും മർദിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്തു. നവി മുംബൈയിലാണ് സംഭവം നടന്നത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് പ്രദീപ് ആർക്കഡെക്കെതിരെ റബാൽ പൊലീസ് കേസെടുത്തിട്ടുണ്ട്. നവംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
യുവതി ഫാഷനുള്ള വളകൾ ധരിക്കുന്നത് പ്രദീപിന് ഇഷ്ടമല്ലെന്നും ഇത്തരം വളകൾ ധരിച്ചതാണ് അക്രമത്തിൽ കലാശിച്ചതെന്നും പരാതിക്കാരി ആരോപിച്ചു. വള ധരിച്ചതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടെ ഭർതൃമാതാവ് മുടിയിൽ പിടിച്ച് വലിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. പിന്നാലെയെത്തിയ ഭർത്താവ് യുവതിയെ ബെൽറ്റ് കൊണ്ട് അടിക്കുകയും തൊഴിക്കുകയും പിന്നാലെ തറയിലേക്ക് തള്ളിയിടുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിയ ശേഷം ഭർത്താവിനും വീട്ടുകാർക്കുമെതിരെ യുവതി പരാതി നൽകി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 323, 324, 34, 504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
