ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു; പൊതുവഴിയിൽ കുഞ്ഞിന് ജന്മം നൽകി യുവതി

death6
തിരുപ്പതി: ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് അതേ ആശുപത്രിക്ക് സമീപമുള്ള പൊതുവഴിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ആന്ധ്രപ്രദേശിലെ തിരുപ്പതിയിലുള്ള മെറ്റേണിറ്റി ആശുപത്രിക്ക് മുൻപിൽ ആണ് സംഭവം. പ്രസവ വേദനയുമായി ആശുപത്രിയിൽ എത്തിയ യുവതി തനിച്ചു വന്നു എന്ന കാരണത്താൽ ആശുപത്രി അധികൃതർ മടക്കി അയക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.  ആശുപത്രിയിൽ നിന്നു പുറത്തിറങ്ങിയശേഷം പ്രസവ വേദന കഠിനമായതിനെത്തുടർന്ന് യുവതി നിലവിളിക്കുകയായിരുന്നു. യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ ചില സ്ത്രീകൾ ബെഡ്ഷീറ്റ് ഉപയോഗിച്ച് അവരെ മറച്ചുപിടിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനാണ്  കുഞ്ഞിനെ പുറത്തെടുക്കാൻ സഹായിച്ചത്.  പ്രസവം നടന്നശേഷം അമ്മയെയും കുഞ്ഞിനെയും അതേ ആശുപത്രിയിൽ തന്നെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. യുവതി മുൻപ് ഇതേ ആശുപത്രിയിൽ ചികിത്സ തേടാതിരുന്നത് മൂലം  അവരുടെ അവസ്ഥയെപ്പറ്റി കൃത്യമായി അറിയില്ലായിരുന്നു എന്നതാണ് ആശുപത്രി നൽകുന്ന വിശദീകരണം. സംഭവം വാർത്തയായതോടെ തിരുപ്പതി ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥൻ ശ്രീഹരി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

Share this story