രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ യാഥാർത്ഥ്യമാകുന്നു; ഈ വർഷം അവസാനത്തോടെ യാത്രക്കാർക്ക് തുറന്നു നൽകും
May 20, 2023, 08:54 IST

കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ ഈ വർഷം അവസാനത്തോടെ പ്രവർത്തനക്ഷമമാകും. 2023 ഡിസംബറിൽ യാത്രക്കാർക്ക് തുറന്നു നൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 8,475 കോടി രൂപ മുതൽമുടക്കിലാണ് അണ്ടർ വാട്ടർ മെട്രോ നിർമ്മിക്കുന്നത്. മെട്രോ റെയിലിന്റെ നിർമ്മാണ ചെലവ് 120 കോടിയാണ്. അണ്ടർ വാട്ടർ മെട്രോ പ്രവർത്തനക്ഷമമാകുന്നതോടെ റോഡ് മാർഗ്ഗം ഒന്നരമണിക്കൂർ വേണ്ട യാത്ര സമയം വെറും 40 മിനിറ്റായി കുറയുന്നതാണ്.
ഹൂഗ്ലി നദിയുടെ അടിത്തട്ടിൽ ഒരു ടണൽ- ബോറിംഗ് മെഷീനിന്റെ സഹായത്തോടെയാണ് തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ജലനിരപ്പിൽ നിന്നും 32 മീറ്റർ താഴെയായി ഓടുന്ന വാട്ടർ അണ്ടർ മെട്രോ യാഥാർത്ഥ്യമാകുന്നതോടെ ഗതാഗത രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാവുക. ഹൂഗ്ലി നദിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 30 മീറ്റർ താഴ്ചയിലാണ് റെയിൽവേ ട്രാക്ക് നിർമ്മിച്ചിട്ടുള്ളത്. റെയിൽവേ സ്റ്റേഷന്റെ വിസ്തീർണ്ണം അഞ്ച് ലക്ഷം അടിയാണ്. രാജ്യത്തെ വെള്ളത്തിനടിയിലുള്ള ആദ്യ മെട്രോ ട്രെയിൻ എന്ന പ്രത്യേകതയും ഇവയ്ക്ക് ഉണ്ട്.