ഗുസ്തി താരങ്ങളുടെ മാർച്ചിൽ പിന്തുണയുമായി ചന്ദ്രശേഖർ ആസാദ്
May 15, 2023, 20:23 IST

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ കൊണാട്ട് പ്ലേസിലേക്ക് മാർച്ച് നടത്തി. സമരം ജന്തർ മന്തറിൽനിന്നും വ്യാപിക്കാനുള്ള ശ്രമത്തിന്‍റെ ആദ്യപടിയായാണ് ഗുസ്തി താരങ്ങൾ കൊണാട്ട് പ്ലേസിലേക്ക് മാർച്ച് നടത്തിയത്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മാർച്ചിൽ പങ്കെടുത്തു.
ബി.ജെ.പി നേതാവ് ബ്രിജ് ഭൂഷൺ നിരന്തര ലൈംഗികാതിക്രമം നടത്തിയതിനെതിരെ പരാതി നൽകിയിട്ടും നടപടിയല്ലാത്തതിനെ തുടർന്ന് നടത്തുന്ന സമരം മൂന്നാഴ്ച പിന്നിട്ടിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. ലൈംഗികാതിക്രമത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്.
തങ്ങളെ അവഗണിച്ചതിന്റെ ശാപമാണ് ബി.ജെ.പി അനുഭവിക്കുന്നതെന്ന് കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി പരാജയത്തിൽ ഗുസ്തി താരങ്ങൾ പ്രതികരിച്ചിരുന്നു.