സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് വീണ്ടും കേന്ദ്രം; ആശങ്കകള്‍ പഠിക്കാന്‍ സമിതി രൂപീകരിക്കും
May 3, 2023, 15:14 IST

ഡൽഹി: സ്വവര്‍ഗ ദമ്പതികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഭരണപരമായ നടപടികള്‍ ആലോചിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതിനായി കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പു നല്‍കി. എന്നാല്‍ സമിതി സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ആവശ്യം പരിശോധിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയിൽ വ്യക്തമാക്കി. സാമൂഹ്യക്ഷേമ പദ്ധതികള്‍ അടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചാണ് സമിതി പരിശോധന നടത്തുക. ഹര്‍ജിക്കാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമിതിയെ അറിയിക്കാം. സ്വവര്‍ഗവിവാഹത്തിന് നിയമസാധുത തേടിക്കൊണ്ടുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് പരിഗണിക്കുന്നത്.