Times Kerala

കവിത ചൊല്ലിയതിന് സംവിധാന സഹായിക്കെതിരെ കേസ്, പോലീസിനെതിരെ ആഞ്ഞടിച്ച് പാ രഞ്ജിത്
 

 
കവിത ചൊല്ലിയതിന് സംവിധാന സഹായിക്കെതിരെ കേസ്, തമിഴ്നാട് പോലീസിനെതിരെ ആഞ്ഞടിച്ച് പാ രഞ്ജിത്

ചെന്നൈ: എന്റെ സിനിമ എന്റെ രാഷ്ട്രീയമാണ് എന്ന് പ്രസ്താവിച്ചുകൊണ്ട് തന്റെ രാഷ്ട്രീയനിലപാടുകൾ മടിയില്ലാതെ തുറന്നുപറയുന്നയാളാണ് സംവിധായകൻ പാ രഞ്ജിത്. കവിത ആലപിച്ചതിന്റെ പേരിൽ തന്റെ സംവിധാനസഹായി വിടുതലൈ സിഗപ്പിക്കെതിരെ എഫ്.ഐ.ആർ ഇട്ട തമിഴ്നാട് പോലീസിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. കഴിഞ്ഞ മാസം ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാ രഞ്ജിത്തിന്റെ നീലം കൾച്ചറൽ സെന്റർ സംഘടിപ്പിച്ച വാനം ആർട്സ് ഫെസ്റ്റിവലിൽ ആലപിച്ച കവിതയുടെ പേരിലാണ് പോലീസ് നടപടിഉണ്ടായത്. അഭിരാമപുരം പോലീസിലാണ് ഭാരത് ഹിന്ദു മുന്നണി പരാതി നൽകിയത്. 

ചടങ്ങിൽവെച്ച് വിടുതലൈ സി​ഗപ്പി താനെഴുതിയ മലക്കുഴി മരണം എന്ന കവിത ആലപിച്ചു. ആക്ഷേപഹാസ്യ രൂപേണയുള്ള കവിതയിലെ ചില ഭാ​ഗങ്ങൾ ഹിന്ദുവികാരം വ്രണപ്പെടുത്തുന്നു എന്നുകാണിച്ച് ഭാരത് ഹിന്ദു മുന്നണിയാണ് പോലീസിൽ പരാതി നൽകിയത്.

തമിഴ്നാട് പോലീസ് സമ്മർദ്ദങ്ങൾക്ക് വഴങ്ങി എന്ന് പാ രഞ്ജിത് ട്വിറ്ററിൽ കുറിച്ചു. തോട്ടിപ്പണി മൂലം ഇന്ത്യയിലുടനീളമുണ്ടായ മരണങ്ങളെ അപലപിക്കുകയാണ് കവിതയിൽ ചെയ്തതെന്ന് പാ രഞ്ജിത് പറഞ്ഞു. ദൈവങ്ങൾ മാൻഹോളുകളിൽ ഇറങ്ങി ജോലി ചെയ്താലും ഇത് തന്നെ സംഭവിക്കും എന്ന് വിടുതലൈ സി​ഗപ്പി ആലപിച്ചു. ഡോ. ബി.ആർ. അംബേദ്കറുടെ പാത പിന്തുടരുന്ന വ്യക്തിയാണ് വിടുതലൈ സി​ഗപ്പി. വലതുപക്ഷ സംഘടനകൾക്ക് ഈ കവിതയുടെ സന്ദർഭമോ അർത്ഥമോ മനസിലാവില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷനുകളായ 53( കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രകോപനം), 153A (1)(a) (മതസ്പർദ്ധയുണ്ടാക്കൽ), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കൽ), 505 (1) (ബി) (പൊതുജനങ്ങൾക്കിടയിൽ ഭയമോ ആശങ്കയോ ഉണർത്തൽ), 505 (2) (വർഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) എന്നിവ പ്രകാരമാണ് സി​ഗപ്പിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ദളിത് ഹിസ്റ്ററി മാസാചാരണത്തിന്റെ ഭാ​ഗമായി വാനം ആർട്സ് ഫെസ്റ്റിവൽ നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഏറെ പ്രചാരണം നേടിയിരുന്നു.

Related Topics

Share this story