കൈക്കൂലിക്കേസ്; ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഒരു ടെൻഡറിന്റെ തുക 55 കോടി രൂപയിൽ നിന്ന് 87 കോടി രൂപയായി അനധികൃതമായി വർധിപ്പിക്കുകയും സോനിപത്ത് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണറായിരിക്കെ ഇയാൾ കരാറുകാരനിൽ നിന്ന് 1.11 കോടി രൂപ കൈക്കൂലി വാങ്ങിയതായും പോലീസ് പറഞ്ഞു.
ന്യൂഡൽഹിയിലെ രഞ്ജിത് നഗർ സ്വദേശി ലളിത് മിത്തൽ എന്നയാളുടെ പരാതിയിൽ കഴിഞ്ഞ വർഷം ഫരീദാബാദിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പങ്കജ് ഗാർഗ്, ആർ.ബി. ശർമ്മ, ജെ.കെ. ഭാട്ടിയ എന്നിവർ ചേർന്ന് സോനിപത് മുനിസിപ്പൽ കോർപ്പറേഷനിൽ സർക്കാർ ടെണ്ടർ നൽകാമെന്ന വ്യാജേന ഇയാളിൽ നിന്ന് 1.11 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി.
കൈക്കൂലി തുക ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ വിതരണം ചെയ്തുവെന്നായിരുന്നു ഇവർ ലളിത് മിത്തലിനോട് പറഞ്ഞിരുന്നത്. പിന്നീട് കരാറൊന്നും ലഭിക്കാത്തതിനെ തുടർന്ന് മിത്തൽ പോലീസിനെ സമീപിക്കുകയായിരുന്നു.
അന്വേഷണത്തിൽ, മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണറായിരിക്കെ ധര്‍മേന്ദര്‍ സിംഗ് സോനിപത്തിലെ കെട്ടിട നിർമാണത്തിൽ ക്രമക്കേട് നടത്തിയതായി വ്യക്തമാവുകയും 52 കോടിയുടെ ടെൻഡർ തുക 87 കോടിയായി ഉയർത്തിയെന്നും പോലീസ് കണ്ടെത്തുകയും ചെയ്തു. ധര്‍മേന്ദര്‍ സിംഗിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.