ചെങ്കോലിനോട് കോണ്‍ഗ്രസിന് അവജ്ഞയെന്ന് ബിജെപി ഐടി സെല്‍ മേധാവി
May 25, 2023, 12:03 IST

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അധികാരകൈമാറ്റത്തിന്റെ ചിഹ്നമായ ചെങ്കോല്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബിജെപി. ചെങ്കോലിനെ കോണ്‍ഗ്രസ് അവജ്ഞയോടെയാണ് കണ്ടതെന്ന് ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു.
അര്‍ഹമായ സ്ഥാനം നല്‍കാതെ ആനന്ദ ഭവന് മ്യൂസിയത്തിലേയ്ക്ക് കോണ്‍ഗ്രസ് ചെങ്കോലിനെ ഒതുക്കിയെന്നും നെഹ്റുവിന് സമ്മാനമായി കിട്ടിയ സ്വര്ണവടിയെന്നാണ് ചെങ്കോലിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇത് ഹിന്ദു ആചാരങ്ങളോടുള്ള അവഗണനയാണെന്നും മാളവ്യ കുറിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അധികാരകൈമാറ്റത്തിന്റെ ചിഹ്നമായി നെഹ്റു സ്വീകരിച്ച ചെങ്കോല്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബുധനാഴ്ച അറിയിച്ചിരുന്നു. പിന്നീട് ലോക്സഭയില്‍ സ്പീക്കറുടെ ചെയറിനടുത്ത് ഈ ചെങ്കോല്‍ സ്ഥാപിക്കുമെന്നും അമിത് ഷാ പറഞ്ഞു.