ബിഹാർ ജാതി സർവേ: കേസ് ഹൈകോടതിയിലുള്ളതിനാൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി; സ്റ്റേ തുടരും
May 18, 2023, 19:38 IST

ന്യൂഡൽഹി: ബിഹാറിലെ ജാതി സർവേക്ക് താത്കാലിക സ്റ്റേ നൽകിയ പാട്ന ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് ബിഹാർ സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി മാറ്റിവെച്ചു. ജൂലൈ മൂന്നിന് ഹൈകോടതി കേസ് പരിഗണിക്കാനിരിക്കുന്നതിനാലാണ് സുപ്രീംകോടതി ഹർജി മാറ്റിയത്. എന്തെങ്കിലും കാരണത്താൽ ഹൈകോടതി റിട്ട് പെറ്റീഷൻ പരിഗണിച്ചില്ലെങ്കിൽ ജൂലൈ 14 ന് സുപ്രീംകോടതി പരിഗണിക്കാമെന്ന് അറിയിച്ചു. ജസ്റ്റിസ് എ.എസ് ഒക, ജസ്റ്റിസ് രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി മാറ്റിയത്.
'ഈ സമയത്ത് ഇടപെടുന്നത് എന്തിനാണ്? ഹൈകോടതി ജൂലൈ മൂന്നിന് കേസ് പരിഗണിക്കുന്നുണ്ട്. പ്രാഥമിക കണ്ടെത്തലുകൾ ഹൈകോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ആ കണ്ടെത്തലുകൾ ശരിയാണെന്നോ അതിൽ ഇടപെടുമെന്നോ ഞങ്ങൾ പറയുന്നില്ല. ഇന്ന് ഇത് അനുവദിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ കേസ് പരിഗണിക്കില്ല എന്നല്ല അതിനർഥം. കേസ് ഹൈകോടതി പരിഗണിച്ചില്ലെങ്കിൽ ജൂലൈ 14 ന് സുപ്രീംകോടതി പരിഗണിക്കാം' - ബെഞ്ച് വ്യക്തമാക്കി.
