ലോകത്തിലെ അതിമനോഹര നഗരമായി അയോദ്ധ്യ മാറും; യോഗി ആദിത്യനാഥ്
Sat, 6 May 2023

ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായി അയോദ്ധ്യ മാറുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ വർഷം അവസാനം തന്നെ ഇത് യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. രാമജന്മഭൂമി യാഥാർത്ഥ്യമാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്‌കരിച്ച നയങ്ങളോട് രാജ്യം പ്രതിജ്ഞാബദ്ധരാണ്. അയോദ്ധ്യയുടെ വികസനത്തിന് ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാരുകൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് അഭിമാനത്തോടെ അയോദ്ധ്യ ലോകത്തെ ആകർഷിക്കുകയാണ്. 2017-ന് മുൻപ് അയോദ്ധ്യയുടെ പേര് പോലും പറയാൻ മടിച്ചിരുന്ന ആളുകൾ ഇപ്പോൾ നഗരത്തിലേക്ക് വരാൻ ഏറെ ഉത്സാഹം കാണിക്കുന്നു. നിർമ്മാണം പൂർത്തിയാകുന്നതോടെ അയോദ്ധ്യ ആദ്യത്തെ സൗരോർജ്ജ നഗരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ കോളേജുകൾ, സർവ്വകലാശാലകൾ എന്ന് തുടങ്ങി സരയൂ നദിയുടെ തീരത്തും കനാലുകളിൽ പോലും സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കും. വീടുകളുടെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മേൽക്കൂരയിൽ സ്ഥാപിച്ചിട്ടുള്ള പാനലുകൾ വഴി സൗരോർജ്ജം ഇവിടെ ഉൽപ്പാദിപ്പിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.