ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ഗുണ്ടാതലവൻ അനിൽ ദുജാന കൊല്ലപ്പെട്ടു
May 4, 2023, 17:57 IST

ലക്നോ: ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. കുപ്രസിദ്ധ ഗുണ്ടാത്തലവനായ അനിൽ ദുജാന പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 18 കൊലക്കേസുകളിൽ ഉൾപ്പെടെ 60 ക്രിമിനൽ കേസുകളിലെ പ്രതിയാണ് അനിൽ ദുജാന എന്ന അനിൽ നാഗർ. കൊലക്കേസുകൾക്ക് പുറമേ കവർച്ച, ഭീഷണിപ്പെടുത്തി പണംതട്ടൽ, ഭൂമി കൈയേറ്റം തുടങ്ങിയ കേസുകളിലും അനിൽ പ്രതിയാണ്. വ്യാഴാഴ്ച ഉച്ചയോടെ മീററ്റിൽ ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേകദൗത്യ സംഘവുമായുണ്ടായ ഏറ്റുമുട്ടലിലാണ് അനിൽ ദുജാന കൊല്ലപ്പെട്ടത്.
2022 ഡിസംബറിൽ ഡൽഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. അടുത്തിടെയാണ് ഇയാൾ ജാമ്യംനേടി തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ ശേഷം കൊലക്കേസിലെ സാക്ഷികളെ ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് പരാതിയുയരുകയും തുടർന്ന് ഏതാനും ആഴ്ചകൾക്ക് മുൻപ് അനിൽ ദുജാനക്കെതിരേ പോലീസ് വീണ്ടും കേസെടുക്കുകയും ചെയ്തു. ഈ കേസുകളിൽ നോയിഡ പോലീസും യുപി പോലീസിന്റെ പ്രത്യേക ദൗത്യസംഘവും ഇയാൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു.
