'കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഒരാളെയും വെറുതെവിടില്ല', അദാനി വിഷയത്തിൽ പ്രതികരിച്ച് അമിത് ഷാ
Sat, 18 Mar 2023

ന്യൂഡല്‍ഹി: കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഒരാളെയും വെറുതെവിടില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളില്‍ രണ്ടെണ്ണം ഒഴികെയുള്ളതെല്ലാം യു.പി.എ കാലത്ത് രജിസ്റ്റര്‍ ചെയ്തതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘അദാനിയുടെ വിഷയം അന്വേഷിക്കാന്‍ റിട്ട. ജഡ്ജിമാരുടെ രണ്ടംഗ മസിതിയെ സുപ്രിംകോടതി രൂപീകരിച്ചിട്ടുണ്ട്. തെളിവുള്ളവരൊക്കെ അവിടെപ്പോയി സമര്‍പ്പിക്കട്ടെ. തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ഒരാളെയും വെറുതെവിടരുത്. നീതിന്യായ സംവിധാനത്തില്‍ എല്ലാവരും വിശ്വാസമര്‍പ്പിക്കണം’-അദ്ദേഹം പറഞ്ഞു.
അതേസമയം, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അതിന് അധികം ആയുസുണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു. മറ്റ് അന്വേഷണത്തിനു സമാന്തരമായി അന്വേഷണം തുടരാന്‍ സെബിയോട് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം തുടരുകയാണെന്ന് സെബി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.